Sports
സിഎസ്കെ (ചെന്നൈ സൂപ്പര് കിംഗ്സ്) ടീമിനൊപ്പം ചേരുന്നതിന്റെ ആവേശത്തിലാണ്. ധോണി ഭായിയുമായി ഫോണില് സംസാരിച്ചു. ഇന്ത്യന് ടീമിനൊപ്പമായിരുന്നപ്പോള് ഡ്രസിംഗ് റൂം പങ്കുവച്ചിട്ടുണ്ട്. എന്നാല്, ഇതു വ്യത്യസ്തമാണ്.
രണ്ട് മാസത്തോളം ധോണി ഭായ്ക്കൊപ്പം തോളോടുതോള്ചേര്ന്ന് സിഎസ്കെയില്. അദ്ദേഹത്തില്നിന്നു പഠിക്കാനുള്ള അവസരമാണിത്’’- ഐസിസി 2026 ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ട്രോഫിയില് ടീം ഇന്ത്യയെ എത്തിച്ച മലയാളി സൂപ്പര് താരം സഞ്ജു സാംസണ് പറഞ്ഞു.
ഒരു കാര്യം ഉറപ്പാണ്. രാജസ്ഥാന് റോയല്സിന്റെ ക്യാപ്റ്റന്സിയില്നിന്ന് ട്രേഡിംഗിലൂടെ ചെന്നൈ സൂപ്പര് കിംഗ്സില് എത്തിയ സഞ്ജു സാംസണ് അല്ല ഇപ്പോഴത്തേത്. ചാരത്തില്നിന്നുയര്ന്ന്, ഇന്ത്യയെ ലോകകപ്പ് കിരീടത്തില് എത്തിച്ച പ്ലെയര് ഓഫ് ദ ടൂര്ണമെന്റാണ് സഞ്ജു. എം.എസ്. ധോണി എന്ന ഇതിഹാസത്തിന്റെ പേരിലാണ് ചെന്നൈ സൂപ്പര് കിംഗ്സ് ഇക്കാലമത്രയും അറിയപ്പെട്ടത്. തലയെന്നു വിശേഷിപ്പിക്കപ്പെടുന്ന ധോണിയുടെ പ്രഭയ്ക്കും മുകളിലേക്ക് സഞ്ജു ഉയര്ന്നോ..? നിലവിലെ ട്രെന്ഡിംഗില് ധോണിക്കും മുകളിലാണ് സഞ്ജു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ധോണിയില്നിന്നു കളിഗതി നിരീക്ഷണം, തന്ത്രം തുടങ്ങിയ കാര്യങ്ങള് പഠിക്കാനുള്ള അവസരമാണ് സഞ്ജുവിനു ലഭിച്ചിരിക്കുന്നത്.
നോ മോര് ഡാഡ്സ് ആര്മി
ഡാഡ്സ് ആര്മി എന്ന കളിയാക്കല് നേരിട്ട ടീമാണ് ചെന്നൈ സൂപ്പര് കിംഗ്സ്. പ്രായം കൂടിയ, പഴമക്കാരായ കളിക്കാര് കൂടുതലുള്ളതിനാലായിരുന്നു അത്. എന്നാല്, 2026 സീസണില് സിഎസ്കെ ഡാഡ്സ് ആര്മിയല്ല. രവീന്ദ്ര ജഡേജയെവരെ ട്രേഡിംഗിലൂടെ ഒഴിവാക്കി, യുവരക്തം തുളുമ്പുന്ന ടീമായിരിക്കുകയാണ് സിഎസ്കെ. ടീമിന്റെ എക്കാലത്തെയും മികച്ച ഓള്റൗണ്ടറായ രവീന്ദ്ര ജഡേജയെ രാജസ്ഥാന് റോയല്സിനു നല്കിയാണ് സിഎസ്കെ സഞ്ജു സാംസണിനെ സ്വന്തമാക്കിയത്. സഞ്ജു ടീമില് എത്തിയത് ബാറ്റിംഗ് ലൈനപ്പിനും നേതൃത്വത്തിനും കരുത്താകും. ഋതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്സിയിലാണ് സിഎസ്കെ നിലവില് കളിക്കുന്നത്.
സഞ്ജുവിന്റെ പ്രായം 31. അതിനു മുകളില് പ്രായമുള്ളത് ധോണി (44), മാറ്റ് ഹെന്റി (34), ശിവം ദുബെ (32), അകീല് ഹുസൈന് (32), ശ്രേയസ് ഗോപാല് (32) എന്നിവര്ക്കു മാത്രം. ഐസിസി അണ്ടര് 19 ഏകദിന ലോകകപ്പ് ട്രോഫിയില് ഇന്ത്യയെ എത്തിച്ച 18 വയസുള്ള ആയുഷ് മാത്രെയാണ് ടീമിലെ പയ്യന്സ്.
സൂപ്പര് ടീം
2026 സീസണില് ചെന്നൈ സൂപ്പര് കിംഗ്സിന്റെ പ്ലേയിംഗ് ഇലവന് ആരെയും മോഹിപ്പിക്കുന്നതായിരിക്കും. ആയുഷ് മാത്രെ, സഞ്ജു സാംസണ്, ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ഡെവാള്ഡ് ബ്രെവിസ്, കാര്ത്തിക് ശര്മ, എം.എസ്. ധോണി, മാത്യു ഷോട്ട്, നഥാന് എല്ലിസ്, മാറ്റ് ഹെന്റി, നൂര് അഹമ്മദ്/രാഹുല് ചാഹര് എന്നതായിരിക്കാം സിഎസ്കെയുടെ പ്ലേയിംഗ് ഇലവന്. സര്ഫറാസ് ഖാന്, പ്രശാന്ത് വീര്, ഖലീല് അഹമ്മദ്, സാക് ഫോക്സ്, ജാമി ഓവര്ട്ടണ് എന്നിവർ ബാക്ക് അപ്പായുമുണ്ട്.
കഴിഞ്ഞ രണ്ട് സീസണിലും പ്ലേ ഓഫില് പോലും കടക്കാന് സാധിക്കാത്തതിന്റെ ക്ഷീണം തീര്ക്കുകയാണ് ഇത്തവണ സിഎസ്കെയുടെ ലക്ഷ്യം.
2025 സീസണില് 14 മത്സരങ്ങളില് 10ലും ചെന്നൈ തോറ്റു. ലീഗ് റൗണ്ടില് 10-ാം സ്ഥാനത്തായിരുന്നു. 2024 സീസണില് ഏഴ് ജയവും ഏഴ് തോല്വിയും. ടേബിളില് അഞ്ചാം സ്ഥാനം. അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്കെയ്ക്ക്, 2023നുശേഷം ഐപിഎല് ട്രോഫിയില് ചുംബിക്കാന് സാധിച്ചിട്ടില്ല.
14.2 കോടി; പ്രശാന്ത്, കാര്ത്തിക്
2026 താര ലേലത്തില് ചെന്നൈ സൂപ്പര് കിംഗ്സ് കൂടുതല് പണം മുടക്കിയത് യുവതാരങ്ങളെ സ്വന്തമാക്കാനായിരുന്നു. അതില്ത്തന്നെ ശ്രദ്ധേയമായ രണ്ട് ലേലം ഇടംകൈ സ്പിന് ഓള്റൗണ്ടറായ പ്രശാന്ത് വീറിനെയും വിക്കറ്റ് കീപ്പറായ കാര്ത്തിക് ശര്മയെയും സ്വന്തമാക്കിയതായിരുന്നു.
14.20 കോടി രൂപ വീതം മുടക്കിയാണ് ഇരുവരെയും സിഎസ്കെ സ്വന്തമാക്കിയത്. ദേശീയ ടീമിൽ അരങ്ങേറ്റം നടത്താത്ത കളിക്കാര്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്ന്ന ലേലത്തുക എന്ന റിക്കാര്ഡും ഇതോടെ പ്രശാന്തും കാര്ത്തികും സ്വന്തമാക്കി.
രവീന്ദ്ര ജഡേജയുടെ പകരക്കാരന് എന്നാണ് 20കാരനായ പ്രശാന്ത് വീര് വിശേഷിപ്പിക്കപ്പെടുന്നത്. യുപി ട്വന്റി-20 ലീഗില് ഏഴ് ഇന്നിംഗ്സില്നിന്ന് 167 സ്ട്രൈക്ക് റേറ്റില് 112 റണ്സും 6.45 ഇക്കോണമിയില് 12 വിക്കറ്റും പ്രശാന്ത് നേടിയിരുന്നു. 19കാരനായ കാര്ത്തിക് ആക്രമണകാരിയായ ടോപ് ഓര്ഡര് ബാറ്ററാണ്. ട്വന്റി-20യില് രാജസ്ഥാനുവേണ്ടി 12 മത്സരങ്ങളില്നിന്ന് 334 റണ്സ് നേടി. 28 സിക്സ് പറത്തി. 163 ആണ് സ്ട്രൈക്ക് റേറ്റ്. ഫസ്റ്റ് ക്ലാസിലും ലിസ്റ്റ് എയിലും മികച്ച ബാറ്റിംഗ് റിക്കാര്ഡും കാര്ത്തികിനു സ്വന്തം.
Viral
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാറ്റ് ഷോർട്ടിന് സ്വന്തം വീട്ടിൽ വെച്ച് നേരിട്ട ഒരു അപ്രതീക്ഷിത തിരിച്ചടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയും അതോടൊപ്പം ചെറിയൊരു വേദനയും പടർത്തുന്നത്.
തന്റെ മകനൊപ്പം സ്വീകരണമുറിയിൽ സമയം ചെലവഴിക്കുന്നതിനിടെയാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. കയ്യിലിരുന്ന കളിപ്പാട്ട ഗോൾഫ് സ്റ്റിക്ക് കൊണ്ട് കുട്ടി ആഞ്ഞു വീശിയപ്പോൾ അത് മാറ്റ് ഷോർട്ടിന്റെ മർമ്മസ്ഥാനത്ത് കൃത്യമായി കൊള്ളുകയായിരുന്നു.
സോഫയിൽ വിശ്രമിക്കുകയായിരുന്ന താരം ഈ ആഘാതത്തിൽ പെട്ടെന്ന് തന്നെ വേദന കൊണ്ട് മുന്നോട്ട് ആഞ്ഞുപോയി. സ്റ്റിക്ക് തന്റെ പങ്കാളിയുടെ ദേഹത്ത് തട്ടുന്നത് തടയാൻ ഷോർട്ടിന്റെ പങ്കാളി കൈ നീട്ടി ശ്രമിച്ചെങ്കിലും അതിവേഗത്തിലുള്ള ആ നീക്കം തടയാൻ അവർക്കായില്ല.
ഈ രസകരമായ ദൃശ്യങ്ങൾ ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചതോടെയാണ് വീഡിയോ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടത്.
സ്ക്രീനിലൂടെ പോലും ആ വേദന അനുഭവപ്പെടുന്നുണ്ടെന്നും മാറ്റ് ഷോർട്ടിന് എത്രയും വേഗം ആശ്വാസം ലഭിക്കട്ടെ എന്നും സിഎസ്കെ തമാശരൂപേണ കുറിച്ചു. വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകളുടെ പൂരമായിരുന്നു.
ഭാവിയിൽ സ്വത്ത് ഭാഗം വെക്കാതിരിക്കാനാണ് കുട്ടി ഇപ്പോൾ തന്നെ അച്ഛനെ പണിതതെന്ന് ചിലർ തമാശയായി പറഞ്ഞപ്പോൾ, സീസൺ തുടങ്ങുന്നതിന് മുൻപ് പരിക്ക് പറ്റിയാൽ ടീമിനെ ബാധിക്കുമല്ലോ എന്ന ആശങ്കയായിരുന്നു മറ്റു ചില ആരാധകർക്ക്.
2026-ലെ ഐപിഎൽ ലേലത്തിൽ ഒന്നര കോടി രൂപയ്ക്കാണ് ഈ ഓസ്ട്രേലിയൻ ഓൾറൗണ്ടറെ സിഎസ്കെ തങ്ങളുടെ പാളയത്തിലെത്തിച്ചത്.
നിലവിൽ ബിഗ് ബാഷ് ലീഗിൽ മികച്ച ഫോമിൽ തുടരുന്ന താരം ചെന്നൈയുടെ ഓപ്പണിംഗ് നിരയിലോ മധ്യനിരയിലോ നിർണായക സാന്നിധ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വെടിക്കെട്ട് ബാറ്റിംഗിനൊപ്പം തന്നെ മികച്ച സ്പിൻ ബൗളിംഗും പുറത്തെടുക്കാൻ മിടുക്കനായ മാറ്റ് ഷോർട്ട് ഐപിഎല്ലിൽ ചെന്നൈയ്ക്ക് വലിയൊരു മുതൽക്കൂട്ടാകുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
Sports
ചെന്നൈ: അടുത്ത ഐപിഎൽ സീസണില് ചെന്നൈ സൂപ്പര് കിംഗ്സിനെ ഋതുരാജ് ഗെയ്ക്വാദ് നയിക്കും. സിഎസ്കെ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഐപിഎല് താരലേലത്തിന് മുന്നോടിയായുള്ള റീട്ടന്ഷന് ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെയാണ് സ്ഥിരീകരണം.
2024ൽ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി നിയോഗിക്കപ്പെട്ട ഗെയ്ക്വാദ് കഴിഞ്ഞ സീസണിൽ പരിക്കിനെ തുടർന്ന് ക്യാപ്റ്റൻസി വീണ്ടും എം.എസ്.ധോണിക്കു കൈമാറിയിരുന്നു. രാജസ്ഥാന് റോയല്സ് വിട്ട് ചെന്നൈ സൂപ്പര് കിംഗ്സിലെത്തിയ മലയാളി താരം സഞ്ജു സാംസണ് ചെന്നൈ സൂപ്പര് കിംഗ്സിന്റെ ക്യാപ്റ്റനാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
2021 മുതല് രാജസ്ഥാന് റോയല്സിന്റെ ക്യാപ്റ്റനാണ് സഞ്ജു. 2022 സീസണിലാണ് ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനം ധോണി ഒഴിഞ്ഞത്. പിന്നാലെ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. എന്നാൽ ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് സീസണിന്റെ ഇടയ്ക്കു വച്ച് ക്യാപ്റ്റൻ സ്ഥാനം ധോണിക്കു തിരികെ നൽകേണ്ടി വന്നു.
തുടർന്ന് 2023ലും ടീമിനെ നയിച്ച ധോണി ചെന്നൈയ്ക്ക് അഞ്ചാം കിരീടവും നേടിക്കൊടുത്തു. തുടർന്നാണ് 2024ൽ യുവതാരം ഗെയ്ക്വാദ് ക്യാപ്റ്റനാകുന്നത്.